തപാല്‍ മുഖേന അയച്ച ഉത്തര കടലാസുകള്‍ പ്ലാറ്റ്ഫോമില്‍

കാസർകോട്: ബുധനാഴ്ച്ച ആരംഭിച്ച പ്ലസ് ടു പരീക്ഷയുടെ ഉത്തരകടലാസുകള്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമിലാണ് പ്ല്സ് ടു എക്സാമിന്‍റെ ഉത്തര കടലാസുകള്‍ യാതൊരു സുരക്ഷ മാനദണ്ഡവുമില്ലാതെ കുട്ടിയിട്ട നിലയില്‍ കണ്ടത്. ചാക്കുകളില്‍ കെട്ടിയിട്ട നിലയിലായിരുന്നു ഉത്തര കടലാസുകള്‍. വിവിധ പരീക്ഷ സെൻററുകളിൽ നിന്നും തപാല്‍ മുഖേന മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയച്ച ഉത്തരകടലാസുകളാണിവ. 

ഇന്നലെ രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍റെ രണ്ടാം പ്ലാറ്റ് ഫോമിലാണ് ഉത്തര കടലാസുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തപാല്‍ ഓഫീസുകളില്‍ നിന്നും റെയില്‍വേ മെയില്‍ സര്‍വീസ് വഴിയാണ് ഉത്തര കടലാസുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ആയിര കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ഉത്തര കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് കൊണ്ടു പോകുന്നത്. 

അലക്ഷ്യമായി കൂട്ടിയിട്ട ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ടു പോയാല്‍ കുട്ടികളുടെ ഭാവി പോലും അനിശ്ചിതത്വത്തിലാവും. അതേസമയം തപാല്‍ മുഖേനയാണ് ഉത്തര കടലാസുകള്‍ അയക്കുന്നതെന്നും അതു കൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പിന് ഈ കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ലായെന്നുമാണ് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.