ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലിയിലാണ് രണ്ടാം വാര്‍ഷികത്തില്‍ എന്‍‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരിച്ചത്. രാജ്യം മാറുന്നെങ്കിലും ചിലര്‍ ചിന്താഗതി മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് മോദി പറഞ്ഞു. അടുത്ത മൂന്നു വര്‍‍ഷത്തിനുള്ളില്‍ അഞ്ച് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കും. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ വിരമിക്കല്‍ പ്രായം 65 വയസ്സാക്കി മാറ്റുമെന്നും മോദി പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍വ്വീസിലെ ഡോക്ടര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം പുറത്തുവരും. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കും. ഇന്ത്യയെ ആര്‍ക്കും മൂലയ്‌ക്കിരുത്താന്‍ ഇനി കഴിയില്ലെന്നും അഴിമതി തുടച്ചുനീക്കാന്‍ ആയെന്നും പ്രധാനമന്ത്രി വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ജനങ്ങളെ പറഞ്ഞു പറ്റിച്ചതിന്റെ രണ്ടാംവാര്‍ഷികമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനങ്ങളെ വിഭജിക്കുന്ന സര്‍ക്കാരാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു

മോദിയെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അയച്ചെങ്കില്‍ ആഘോഷിക്കാന്‍ വകയുണ്ടാവുമായിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തു വന്നു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മനസ്സില്‍ കണ്ടാണ് വാര്‍ഷികാഘോഷത്തിന്റെ വേദിയായി ബിജെപി സഹറന്‍പൂര്‍ തെരഞ്ഞെടുത്തത്.