ദില്ലി: ബലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. വെെസ് പ്രസി‍ഡന്‍റ് വെങ്കയ്യ നായിഡുവിനെ കണ്ടും ജയ്ഷെ ഇ മുഹമ്മദ് ക്യാമ്പ് തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ മോദി ധരിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറിയുടെ നേതൃത്വത്തിലുള്ളതായിരുന്നു ഈ പരിശീലന കേന്ദ്രം. ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നു. - വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.