ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുകൂലമായ കാലവസ്ഥ അല്ലാത്തതിനാല്‍ രാത്രി വൈകിയാണ് അദ്ദേഹത്തിന് ദില്ലിയിലേക്ക് എത്താനായത് എന്നും റിപ്പോര്‍ട്ട് പറയുന്നു

ദില്ലി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച വാര്‍ത്ത പ്രധാനമന്ത്രി വൈകിയാണ് അറിഞ്ഞതെന്ന വിശദീകരണവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍. മോശം കാലാവസ്ഥയും നെറ്റ്‌വര്‍ക്കിലെ തടസവും മൂലം ആക്രമണം സംബന്ധിച്ച വാര്‍ത്ത പ്രധാനമന്ത്രിക്ക് ലഭിച്ചത് വൈകിയാണ് ലഭിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. 

25 മിനിറ്റോളം വൈകിയാണ് മോദിക്ക് വിവരങ്ങള്‍ ലഭിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ ദില്ലിയിലേക്ക് മടങ്ങാന്‍ മോദി തീരുമാനിച്ചെങ്കിലും ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുകൂലമായ കാലവസ്ഥ അല്ലാത്തതിനാല്‍ രാത്രി വൈകിയാണ് അദ്ദേഹത്തിന് ദില്ലിയിലേക്ക് എത്താനായത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

 ആക്രമണം സംബന്ധിച്ച വാര്‍ത്ത വൈകി അറിയിച്ചതില്‍ പ്രധാനമന്ത്രി ക്ഷുഭിതനായതും റിപ്പോര്‍ട്ട് പറയുന്നു.

ഭീകരാക്രമണം നടന്നത് വൈകിട്ട് 3.10 നാണ്. എന്നാല്‍ പ്രധാനമന്ത്രിക്ക് അതേപ്പറ്റി വിവരങ്ങള്‍ ലഭിച്ചത് 3.35നായിരുന്നു. 14 ന് പുലര്‍ച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണില്‍ എത്തിയത്. മോശം കാലവസ്ഥയെ തുടര്‍ന്ന് നാലുമണിക്കൂര്‍ വൈകിയാണ് അദ്ദേഹത്തിന് ജിംകോര്‍ബെറ്റ് പാര്‍ക്കിലേക്ക് പോകാനായത്. 11.15 പാര്‍ക്കിലെത്തിയ മോദി മുന്നുമണിക്കൂറോളം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചിലവഴിച്ചു. 

വൈകിട്ട് രുദ്രപുരില്‍ ഒരു പൊതുപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഭീകരാക്രമണ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി അത് റദ്ദാക്കി. ഉടന്‍ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. ഈ സമയമത്രയും പ്രധാനമന്ത്രി ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.