30കാരിയായ മേഘ 2011 മുതലാണ് വിവാഹം മോചനം തേടി നിയമനടപടികള്‍ തുടങ്ങിയത്.
ജമ്മു: വിവാഹമോചനത്തിന് ശേഷം ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപയും പ്രധാനമന്ത്രിക്ക് കൈമാറിയിരിക്കുകയാണ് കശ്മീരില് നിന്നൊരു യുവ ഡോക്ടര്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയായ ഡോ. മേഘ മഹാജനാണ് 45 രൂപ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കായി നല്കുമെന്ന പ്രഖ്യാപനം പാലിച്ചത്.
30കാരിയായ മേഘ 2011 മുതലാണ് വിവാഹം മോചനം തേടി നിയമനടപടികള് തുടങ്ങിയത്. കേസില് തീരുമാനമായപ്പോള് 45 ലക്ഷം രൂപ മേഘയ്ക്ക് നഷ്ടപരിഹാരം നല്കാനായിരുന്നു വിധി. ഈ പണം കിട്ടിയ ഉടനെയാണ് സ്വച്ഛ് ഭാരത് പദ്ധതിക്കായി കൈമാറിയത്. രാജ്യത്തിന് വേണ്ടി ഇത്രയധികം അതിശയകരമായ കാര്യങ്ങള് ചെയ്യുന്ന പ്രധാനമന്ത്രിയുടെ കടുത്ത ആരാധികയാണ് താനെന്നും അതുകൊണ്ടുതന്നെ ജീവനാംശമായി കിട്ടിയ പണം ചിലവഴിക്കാന് ഇതിലും നല്ല വേറൊരു വഴിയില്ലെന്നും മേഘ പറഞ്ഞു.
വിവാഹമോചനത്തിന്റെ പേരില് സ്ത്രീകള് സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന് വിമര്ശിക്കുന്നവര്ക്കുള്ള മറുപടി കൂടിയാണിതെന്ന് മേഘ പറഞ്ഞു. തനിക്ക് കിട്ടിയ പണത്തില് നിന്ന് ഒരു പൈസ പോലും സ്വന്തം കാര്യത്തിന് വേണ്ടി ചിലവഴിക്കില്ല. പണം സംഭാവന ചെയ്യുന്നതിനൊപ്പം ഒരു വായു-ജല ശുദ്ധീകരണ പദ്ധതിയെക്കുറിച്ച് സ്വച്ഛ് ഭാരത് കമ്മിറ്റിക്ക് കത്തെഴുതിയിട്ടുമുണ്ട്. കമ്മിറ്റി അത് പരിഗണിക്കുമോ എന്ന് കാത്തിരിക്കുകയാണെന്നും മേഘ പറഞ്ഞു.
