റുവാണ്ടയിലെ കിനെരു ഗ്രാമത്തിന് പ്രധാനമന്ത്രി 200 പശുക്കൾ സമ്മാനിച്ചു

റുവാണ്ട: റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ ജനങ്ങൾക്ക് പശുക്കളെ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ നിർദ്ദേശപ്രകാരം ഇരുന്നൂറ് പശുക്കളെയാണ് ഉദ്യോഗസ്ഥർ റുവാണ്ടയിൽ സംഘടിപ്പിച്ചത്.പാട്ടു പാടിയും കൈയ്യടിച്ചും മോദിയെ ഗ്രാമീണർ സ്വീകരിച്ചു. 

പശുക്കളെയെല്ലാം മോദി നടന്നു കണ്ടു. ഒപ്പം റുവാണ്ടൻ പ്രസിഡൻറ് പോൾ കഗാമെയും. പശുക്കളെ സ്നേഹിക്കുന്ന ആഫ്രിക്കൻ ഗ്രാമം അത്ഭുതപ്പെടുത്തിയെന്ന് പ്രധാനമന്ത്രി വിശദമാക്കി. റുവാണ്ടയിലെ പോഷകാഹാര കുറവ് പരിഹരിക്കാനാണ് പശുക്കളെ സമ്മാനം നല്‍കുന്നതെന്നാണ് വിശദീകരണം. 

ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ പശുക്കൾക്ക് ആഫ്രിക്കൻ കാലാവസ്ഥ പിടിക്കില്ലെന്ന് വിദഗ്ധർ വിശദമാക്കിയതോടെ. റുവാണ്ടയിലെ ചന്തകളിൽ നടന്ന് വിദേശകാര്യ ഉദ്യോഗസ്ഥർ പശുക്കളെ വാങ്ങുകയായിരുന്നു. ഏതായാലും പ്രധാനമന്ത്രിയുടെ സമ്മാനത്തിന് റുവാണ്ടക്കാരുടെ കൈയ്യടി വാങ്ങാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കൻ സന്ദര്‍ശനത്തിനിടെയാണ് കിനെരു ഗ്രാമത്തിന് സമ്മാനം നല്‍കിയത്. അഞ്ച് ദിവസങ്ങളിലായി റുവാൻഡ, ഉഗാണ്ട, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും