അമൃത്‌സര്‍: സുവര്‍ണക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഊട്ടുപുരയിലെത്തി ഭക്ഷണം വിളമ്പിയത്, ഭക്തരെ വിസ്‌മയിപ്പിച്ചു. ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്‌താംബുള്‍ സമ്മേളനത്തിന്റെ ഭാഗമായാണ് മോദി അമൃത്‌സറില്‍ എത്തിയത്. പത്തുമിനിട്ടോളം നീണ്ട സുവര്‍ണക്ഷേത്ര സന്ദര്‍ശത്തിനിടെയാണ് ഊട്ടുപുരയിലെത്തി, ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത്. തണുപ്പിനെ പ്രതിരോധിക്കുന്ന കമ്പിളി തൊപ്പിയും ധരിച്ചാണ് മോദി, സുവര്‍ണക്ഷേത്രത്തില്‍ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ എത്തുന്നത്. പത്തു മിനിട്ടോളം നീണ്ട സന്ദര്‍ശനത്തിനുശേഷം സന്ദര്‍ശക പുസ്‌തകത്തില്‍, ഗുരു ഭൂമി കൊ ഷാത് ഷാത് പ്രണാം എന്നു ഗുജറാത്തിയില്‍ കുറിച്ച ശേഷമാണ് നരേന്ദ്രമോദി സുവര്‍ണക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്. 1984ന് ശേഷം സുവര്‍ണക്ഷേത്രത്തിനുള്ളില്‍ ആയുധധാരികളായ സുരക്ഷാഭടന്‍മാര്‍ക്ക് വിലക്കുണ്ട്. അതുകൊണ്ടുതന്നെ എസ് പി ജി കമാന്‍ഡോകള്‍ തീര്‍ത്ത സുരക്ഷാവലയത്തിനുള്ളില്‍നിന്നുകൊണ്ടാണ് നരേന്ദ്ര മോദി, സുവര്‍ണക്ഷേത്രത്തില്‍ കടന്നത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, മകനും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ സുഖ്ബിര്‍ ബാദല്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.