ദില്ലി: നവംബറിൽ പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. അതിർത്തി കടന്ന് പാകിസ്ഥാൻ ഭീകരവാദം പ്രോത്സഹിപ്പിക്കുന്ന സാഹചര്യത്തിൽ ഉച്ചകോടി കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

നവംബർ 9,10 തീയതികളിൽ ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് വൈകിട്ട് ഇന്ത്യ നടത്തിയത്. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും മറ്റു രാജ്യങ്ങളിലെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടുകയും ചെയ്യുമ്പോൾ ഉച്ചകോടി കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

സാർക്കിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഉറച്ചു നില്‍ക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഉച്ചകോടി ബഹിഷ്ക്കരിക്കും. പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദീപ് എന്നിവയാണ് സാർക്കിലെ മറ്റു അംഗരാജ്യങ്ങൾ. 

അതിനിടയില്‍ ഉറിയിൽ ആക്രമണം നടത്തിയ ഭീകരർ പാക് അധിനിവേശ കശ്മീരിലെ മുസഫറബാദിൽ നിന്ന് വന്നവരാണെന്നതിന്‍റെ നിരവധി തെളിവുകളാണ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി നല്‍കിയത്.