കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണ യജ്ഞമായ സ്വച്ഛതാ ഹി സേവ തുടങ്ങി. സ്വച്ഛ് ഭാരത് യജ്ഞത്തിന് 90 ശതമാനം ലക്ഷ്യം കൈവരിക്കാനായെന്ന് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിൽ അമൃതാനന്ദമയി മഠം നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണ യജ്ഞമായ സ്വച്ഛതാ ഹി സേവ തുടങ്ങി. സ്വച്ഛ് ഭാരത് യജ്ഞത്തിന് 90 ശതമാനം ലക്ഷ്യം കൈവരിക്കാനായെന്ന് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിൽ അമൃതാനന്ദമയി മഠം നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

ദില്ലി പഹാഡ് ഗഞ്ചിലെ ബാബാ സാഹിബ് അംബ്ദേക്കര്‍ ഹയര്‍ സെക്കന്‍റി സ്കൂള്‍ പരിസരം ശുചിയാക്കിക്കൊണ്ട് സ്വച്ഛതാ ഹി സേവ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു . ശുചിത്വ ഇന്ത്യയെന്ന് രാഷ്ട്രപിതാവിന്‍റെ സ്വപ്നം പൂവണിയിക്കുകയെന്നതാണ് യജ്ഞത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു . ഗാന്ധിജിയുടെ 150 ാം ജന്മ വാര്‍ഷികാഘോഷത്തിന്‍റെയും സ്വച്ഛ ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്‍റെയും പശ്ചാത്തലത്തിലാണ് ശുചീകരണയജ്ഞം . സ്വച്ഛ ഭാരത് യജ്ഞത്തിൽ പങ്കാളിയായവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

സ്വച്ഛ ഭാരത പദ്ധതി 90 ശതമാനം ലക്ഷ്യം കൈവരിക്കാനായി. ശുചിത്വം ശീലമാക്കി മാറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ നാലു വർഷം 9 കോടി കക്കൂസുകൾ നിർമ്മിച്ചു. 2019 ഓടെ രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമാക്കലാണ് ലക്ഷ്യം. എന്നാൽ ഓരോ പൗരനും ശുചിത്വ ശീലമാക്കിയാലേ ശുചിത്വ ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു . അമിതാഭ് ബച്ചൻ , രത്തൻ ടാറ്റ, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ ശുചീകരണയജ്ഞത്തിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയുമായി ആശയവിനിമം നടത്തി.