ഹൂഡി ടീഷര്‍ട്ട് ധരിച്ച് നിൽക്കുന്ന ചിത്രം അനുരാഗ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തിരിക്കുയാണ് ബി ജെ പി അനുകൂലികൾ. ഒപ്പം 'ലുക്കിംഗ് ഗുഡ്' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രചാരണ തന്ത്രവുമായി ബി ജെ പി നേതാക്കൾ രം​ഗത്ത്.'നമോ എഗൈന്‍' എന്ന പേരിൽ ഒരു 'ഹൂഡി ചലഞ്ചു'മായിട്ടാണ് ബി ജെ പി മന്ത്രിമാരും എം പിമാരും രം​ഗത്തെത്തിരിക്കുന്നത്. പാർലമെന്റിൽ കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എം പി നമോ എഗൈന്‍ എന്ന് രേഖപ്പെടുത്തിയ ഹൂഡി ടീഷര്‍ട്ട് ധരിച്ച് എത്തിയതോടെയാണ് ചലഞ്ചിന് തുടക്കം കുറിച്ചത്.

ഹൂഡി ടീഷര്‍ട്ട് ധരിച്ച് നിൽക്കുന്ന ചിത്രം അനുരാഗ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തിരിക്കുയാണ് ബി ജെ പി അനുകൂലികൾ. ഒപ്പം 'ലുക്കിംഗ് ഗുഡ്' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗഹ്‌ലോത്.'ഞാൻ ഇത് ധരിച്ചു, നിങ്ങൾ ഇത് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ധരിക്കുകയാണെങ്കിൽ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ധരിക്കണം'- അദ്ദേഹം പറഞ്ഞു. 

'2019ലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാം,ജയ് ഹിന്ദ്' എന്ന അടിക്കുറുപ്പോടെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍റെ ട്വീറ്റ്. കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍, നരേന്ദ്ര സിങ് തോമര്‍, രാധാ മോഹന്‍ സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍ തുടങ്ങിയവരെയടക്കം ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.'

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയെ ബി ജെ പി അണികൾ 'നമോ' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് നമോ വിശേഷണവുമായി അണികൾ രം​ഗത്തെത്തിരിക്കുന്നത്.