കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് വിരാമമായി. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എത്തുമെന്ന്  പ്രധാനമന്ത്രി സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചു. കേരള ഹൗസ് റസിഡന്റ് കമ്മീഷണറെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 15-നാവും ഉദ്ഘാടനം. മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍ കെ പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു. കൊല്ലം ബൈപ്പാസ് പദ്ധതിയുടെ പിതൃത്വം സ്വന്തമാക്കാന്‍ എല്‍ ഡി എഫും യു ഡി എഫും പരസ്പരം പോരടിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രിയെ രംഗത്തിറക്കി ബി ജെ പി വിവാദങ്ങള്‍ പുതിയ വഴിക്ക് തിരിച്ചു വിട്ടിരിക്കുന്നത്.