2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10വരെയുള്ള കാലയളവില്‍ 84 വിദേശരാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്ക്കായി 1484 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്ക്കാര്. രാജ്യസഭയില് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗാണ് കണക്കുകള് വെളിപ്പെടുത്തിയത്. 2014 ജൂണ് മുതലുള്ള കണക്കാണിത്. 2014 ജൂണ് 15 മുതല് 2018 ജൂണ് 10വരെയുള്ള കാലയളവില് 84 വിദേശരാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്ശിച്ചത്.
വിദേശയാത്രകളില് പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയും ചാര്ട്ടേഡ് വിമാനങ്ങള്ക്കായി 387.26 കോടി രൂപയുംഹോട്ട് ലൈന് സംവിധാനം ഏര്പ്പെടുത്തിയതിന് 9.12 കോടി രൂപയും ചെലവായി.
2014 മെയ് മാസത്തില് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളില് 84 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്ശിച്ചത്. ഇപ്പോള് പുറത്തുവിട്ട കണക്കുകളില് 2017-18 വര്ഷങ്ങളില് നടത്തിയ വിദേശയാത്രകളുടെ ഹോട്ട്ലൈന് സംവിധാനത്തിനുള്ള ചെലവുകളും 2018 -19 കാലത്തെ ചാര്ട്ടേഡ് വിമാനങ്ങള്ക്കുള്ള ചെലവും ഉള്പ്പെടുത്തിയിട്ടില്ല.
2015-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല് രാജ്യങ്ങള് (24) സന്ദര്ശിച്ചത്. 2017-18 ല് 19 ഉം 2016-17 ല് 18 ഉം രാജ്യങ്ങള് സന്ദര്ശിച്ചു. 2014-15 ല് 13 രാജ്യങ്ങള് സന്ദര്ശിച്ചു. 2014 ലെ ഭൂട്ടാന് സന്ദര്ശനമായിരുന്നു ആദ്യത്തേത്. 2018 ല് പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി.
