ഭീകരവാദത്തില്‍ പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിന്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പുചിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി. കൂടംകുളം ആണവ നിലയത്തിന്റെ വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവയ്‌ക്കുമെന്നാണ് പ്രതീക്ഷ.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി വാര്‍ത്ത ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാനോടും ഇന്ത്യയോടും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിന്‍ സമദൂരം പാലിച്ചത്. പാകിസ്ഥാനോടുള്ള റഷ്യയുടെ ബന്ധം വളരുന്നത് ഇന്ത്യയുമായുള്ള വിശ്വാസത്തില്‍ അധിഷ്‌ഠിതമായ ബന്ധത്തിന് തടസ്സം നില്‍ക്കില്ലെന്ന് പുചിന്‍ പറഞ്ഞു. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ചോദ്യത്തിന് അത് ഇന്ത്യയുടെ കാര്യമാണെന്നും ഭീകരത ഉത്ഭവം എവിടെയന്നതല്ല വിഷയമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് സര്‍വ്വ പിന്തുണയും നല്‍കുമെന്നും പുചിന്‍ വ്യക്തമാക്കി. പാകിസ്ഥാനുമായി ദൃഢമായ സൈനിക ബന്ധം റഷ്യയ്‌ക്കില്ലെന്നും പുചിന്‍ വിശദീകരിച്ചു.
സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്‌ക്ക് മുന്നോടിയായി പുചിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ-റഷ്യ ബന്ധത്തിന് ഏറ്റക്കുറച്ചിലുണ്ടായിട്ടില്ലെന്ന് മോദി പറഞ്ഞു. കൂടംകുളം അണവനിലയത്തില്‍ 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അവസാനത്തെ രണ്ട് യൂണിറ്റുകളുടെ നിര്‍മ്മാണത്തിലും അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള മേഖലകളിലും ഇരു രാജ്യങ്ങളും ധാരണപത്രം ഒപ്പുവെയ്‌ക്കുമെന്നാണ് പ്രതീക്ഷ. റഷ്യയില്‍ നിന്ന് നാളെ ഫ്രാന്‍സിലെത്തുന്ന നരേന്ദ്രമോദി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.
