ഇന്നലെ രാത്രി ടാന്‍സാനിയയില്‍ എത്തിയ മോദിക്ക് വന്‍ വരവേല്‍പ്പാണ് ദാറിസ് സലാം നല്‍കിയത്.പതിവ് രീതീകള്‍ മറകടന്ന് പ്രധാനമന്ത്രി കാസിം മജാലിവ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. ഇന്ന് ടാന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മജൂഫുലിയുമായും മോദി കൂടിക്കാഴ്ച നടത്തി. അവധി ദിനമായ ഞായറാഴ്ച്ച നയതന്ത്ര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ച്ചക്കും ടാന്‍സാനിയന്‍ ഭരണാധികാരികള്‍ തയ്യാറായത് ഇന്ത്യക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് മോദി പറഞ്ഞു.

ടാന്‍സാനിയന്‍ ഗ്രാമങ്ങളില്‍ നിന്നുമുള്ള വനിതാ സൗരോര്‍ജ്ജ പ്രവര്‍ത്തകരുമായും മോദി കൂടിക്കാഴ്ച്ച നടത്തും. അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തില്‍ മോദി എത്തുന്ന നാലാമത്തെ രാജ്യമാണ് ടാന്‍സാനിയ. ഇന്ന് തന്നെ മോദി ടാന്‍സാനിയയില്‍ നിന്നും കെനിയയിലേക്ക് തിരിക്കും. വ്യാപാരം, ഹൈഡ്രോ കാര്‍ബണ്‍, സമുദ്ര സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുകയാണ് ആഫ്രിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.