ദില്ലി: ദാവോസിൽ നടന്ന സമ്മേളനത്തില്‍ നീരവ് മോദിയെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വേൾഡ് ഇക്കണോമിക് ഫോറത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്തവരെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തതെന്നാണ് വിശദീകരണം.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ നീരവില്ലായിരുന്നുവെന്നും ആരോപണമുന്നയിച്ച രീതി അപലപനീയമെന്നും കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നീരവ് സിഐഐ സംഘത്തോടൊപ്പം ഫോട്ടോയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരോപണം ഉയർന്ന ശേഷവും നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം ദാവോസിലെ സിഇഒ സമ്മേളനത്തിൽ പങ്കെടുത്തതിന് തെളിവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. ചിത്രം സഹിതമാണ് യെച്ചൂരിയുടെ ട്വീറ്റ് ചെയ്തത്. തട്ടിപ്പുകാരനെ കുറിച്ച് അറിവില്ലാതെ പോയതില്‍ മോദി മറുപടി നല്‍കണമെന്ന് യെച്ചൂരി ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം നീരവ് മോദിയുടെ വസതിയിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് ആരംഭിച്ചു. പഞ്ചാബ് നാഷണല്‍ബാങ്കില്‍ നിന്ന് 280 കോടി രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ്, നീരവ് മോദി 11,334 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇതില്‍ 280 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ചാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. 

സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് നീരവ് മോദി വിദേശത്തേക്ക് രക്ഷപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. 
വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ കേസെടുക്കുന്നതിന് തൊട്ടുമുമ്പാണ് മദ്യരാജാവ് വിജയ് മല്യയും രാജ്യം വിട്ടത്. നീരവ് മോദിയുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ മൂന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ അക്കൗണ്ടുകള്‍ പൊതുമേഖലാ ബാങ്കുകള്‍ പരിശോധിച്ചു തുടങ്ങി. ഗീതാഞ്ജലി, ജിന്നിസ നക്ഷത്ര എന്നിവയുടെ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. 

സമാനമായ രീതിയിലുളള തട്ടിപ്പ് ഇവരുടെ അക്കൗണ്ടുകളിലും ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനിടെ ഓഹരി മേഖലെയെ നിയന്തിക്കുന്ന നസെക്യൂരിറ്റീസ് ആന്‍റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ഇത്രയും വലിയ സാമ്പത്തിക ഇടപാടുകള്‍ ഹാസ്യമാക്കി വച്ചതിനെക്കുറിച്ചാണ് അന്വേഷണം. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ബാങ്കുകളും ലിസ്റ്റ് ചെയ്ത കമ്പനികളും സെബിയെ അറിയിക്കണം എന്നാണ് വ്യവസ്ഥ.