മലപ്പുറത്തെ മൂന്ന് പോക്സോ കേസുകളില്‍ വീണ്ടും അന്വേഷണം കേസ് അവസാനിപ്പിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണിത്

മലപ്പുറം:മലപ്പുറത്തെ മൂന്ന് പോക്സോ കേസുകളില്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും അന്വേഷണം തുടങ്ങി. കേസ് അവസാനിപ്പിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണിത്. മങ്കട, അരീക്കോട്, മഞ്ചേരി കേസുകളിലാണ് പുനരന്വേഷണം.

മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രക്ഷിതാക്കളുടെ അറിവോടെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ആറും പത്തും വയസുള്ള കുട്ടികള്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കാത്തതിനാല്‍ കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. ഈ കേസില്‍ തൃശൂര് അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി എം.കെ. ഗോപാലകൃഷ്ണനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

അരീക്കോട് 12 വയസുകാരിയെ സഹോദരീ ഭര്‍ത്താവും അയല്‍വാസിയും ബലാത്സംഗം ചെയ്തെന്നായിരുന്നു ചൈല്‍ഡ് ലൈന്‍ വഴി വന്ന പരാതി. ഇതോടെ കുട്ടിയെ ബന്ധുക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നിലച്ചിരുന്നു. ഡിവൈഎസ്പി മുഹമ്മദ് ആരിഫാണ് ഇനി കേസ് അന്വേഷിക്കുക.

മഞ്ചേരിയിലെ പെണ്‍കുട്ടിയെ റവന്യൂ ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തെന്നായിരുന്നു ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്കിയ പരാതി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇത്തരമൊരു ആരോപണം ഇല്ലെന്നായിരുന്നു പൊലീസിന്റെ വാദം. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബാബു തോമസാണ് പുതിയതായി കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മലപ്പുറം, പെരിന്തല്‍മണ്ണ ഡിവൈഎസ്പിമാരുടെ പ്രതികരണം. പോക്സോ കേസുകള്‍ അവസാനിപ്പിക്കുന്നതിന് മുന്പ് ഐജിയുടെ അനുവാദം തേടണമെന്നാണ് ചട്ടം. ഇതിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് തുടരന്വേഷണത്തിന് ഐ.ജി അജിത്കുമാര്‍ ഉത്തരവിട്ടത്.