കവിതയുടെ കാര്‍ണിവല്‍ നാളെ പ്രശസ്ത ഫൊട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാന്‍ ഉദ്ഘാടനം ചെയ്യും.

പട്ടാമ്പി: ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവല്‍ നാളെ പ്രശസ്ത ഫോട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതരയ്ക്ക് കന്നഡ നാടക സംവിധായകന്‍ പ്രസന്ന വിശിഷ്ടാതിഥിയായിരിക്കും. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്നതാണ് ഇക്കുറി പ്രമേയം. 

മൂന്ന് ദിവസങ്ങളിലായി പട്ടാമ്പി സംസ്‌കൃത കോളജിലെ മൂന്ന് വേദികളിലായാണ് കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. വിവിധ വേദികളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കും. നാടന്‍പാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രം എന്ന വിഷയത്തില്‍ എന്‍. പ്രഭാകരന്‍, മാപ്പിളപ്പാട്ടുകളിലെ കോളനി വിരുദ്ധ പാഠങ്ങളെക്കുറിച്ച് ടി.കെ. ഹംസ, ഗോത്രസമൂഹങ്ങളിലെ കവിത എന്ന വിഷയത്തില്‍ വി. മുസഫര്‍ അഹമ്മദ്, എന്റെ കവിത എന്റെ പ്രതിരോധം എന്ന വിഷയത്തില്‍ വീരാന്‍കുട്ടി, കര്‍ഷകത്തൊഴിലാളി മുന്നേറ്റവും പുരോഗമന സാഹിത്യവും എന്ന വിഷയത്തില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ പ്രഭാഷണം നടത്തും. 

കാലിക്കട്ട് യൂണിവേഴ്‌സിറ്റി യൂണിയന്റെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന, പി രാമന്റെ നേതൃത്വത്തിലുള്ള കവിതാക്യാമ്പും ഉണ്ടായിരിക്കും. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ മൂന്ന് ദിവസത്തെ ചിത്രരചനാ ക്യാമ്പ് ഉണ്ടായിരിക്കും. കെ. സുധീഷ്‌കുമാര്‍, സക്കീര്‍ ഹുസൈന്‍, ഷാജി അപ്പുക്കുട്ടന്‍, പ്രേംജി, സുരേഷ് ഡാവിഞ്ചി, ഡോ. കല്‍ക്കി സുബ്രഹ്മണ്യം, അഞ്ജു ആചാര്യ, രാജേഷ് മോന്‍ജി എന്നീ ചിത്രകാരന്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. 

വൈകീട്ട് ബംഗളൂരു സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി അവതരിപ്പിക്കുന്ന പോയട്രി പെര്‍ഫോമന്‍സ്, പ്രകാശ് ബാരെ ആവിഷ്‌കരിക്കുന്ന തവിട്ടു പ്രഭാതം, കെ.പി. ശശികുമാര്‍ അവതരിപ്പിക്കുന്ന രാവണപുത്രി മോണോഡ്രാമയും കേരള ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൊറാട്ടു നാടകവും പടയണിയും അരങ്ങേറും.