ഡെന്‍മാര്‍ക്കിനെതിരെ ജയിക്കാനാകാത്തതോടെ ആരാധകര്‍ ഫ്രഞ്ച് പടയ്ക്കെതിരെ രംഗത്തുവന്നിരുന്നു
മോസ്കോ: ലോകകപ്പ് നേടാമെന്ന പ്രതീക്ഷയിലാണ് ഫ്രാന്സ്. പ്രതിഭാധനരായ യുവരക്തങ്ങളാല് സമ്പന്നമാണ് ടീം എന്നതാണ് ഫ്രഞ്ച് പടയുടെ ഏറ്റവും വലിയ ശക്തി. മധ്യനിരയില് പോഗ്ബ കളി മെനയുമ്പോള് എംബാപ്പയും ഡെംബലെയും പിന്തുണ നല്കുന്നു. ഗ്രീസ്മാനും ജിറൗഡും ഗോളടിച്ചുകൂട്ടാന് ശേഷിയുള്ളവര്. അര്ജന്റീനയ്ക്കെതിരായ പ്രീ ക്വാര്ട്ടര് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അവര്.
അതിനിടിയാലാണ് ആരാധകരെ പ്രകോപിപ്പിച്ച് പോഗ്ബ രംഗത്തെത്തിയത്. ആരാധകര് ടീമില് അമിത പ്രതീക്ഷ പുലര്ത്തുന്നതാണ് പോഗ്ബയെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില് ഡെന്മാര്ക്കിനെതിരെ ജയിക്കാനാകാത്തതോടെ ആരാധകര് ഫ്രഞ്ച് പടയ്ക്കെതിരെ രംഗത്തുവന്നിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയരാന് ഫ്രാന്സിന് സാധിച്ചില്ലെന്ന വിമര്ശനം ശക്തമാകുന്നതിനിടയിലാണ് പോഗ്ബയുടെ മറുപടി എത്തിയത്.
എല്ലാ കളികളും പത്തുഗോളിന് ജയിക്കണം എന്ന് ആരാധകര് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് ഫ്രഞ്ച് മിഡ് ഫീല്ഡ് ജനറല് ഓര്മ്മിപ്പിച്ചു. ചില ദിവസങ്ങളില് മികച്ച കളി പുറത്തെടുക്കാനാകില്ല. എന്നാല് എല്ലാ താരങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ആരാധകര് ടീമിന്റെ പന്ത്രണ്ടാമനാണെന്നും ശക്തമായ പിന്തുണയാണ് വേണ്ടതെന്നും പോഗ്ബ പറഞ്ഞു.
