കൊച്ചി: എറണാകുളം ചെറായിയിൽ കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് അടിച്ചോടിച്ചു.37 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് സമരപന്തൽ തകർത്തു. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിലപാട്.

കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റിനെതിരെ ശക്തമായ നിലപാടെടുത്ത പ്രദേശവാസികൾ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് സമരപന്തലിൽ നിന്ന് അടിച്ചിറക്കി. നൂറിനടുത്ത് വന്ന സമരക്കാർ പ്രതിരോധം തീർത്തതോടെ പൊലീസ് ഇവരെ വല്ലിച്ചിഴച്ചു. ബലം പ്രയോഗിച്ചും,മർദ്ദിച്ചുമാണ് അംഗപരിമിതൻ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

25 സ്ത്രീകൾ ഉൾപ്പടെ അറസ്റ്റ് ചെയ്ത 31 പേരെയും പിന്നീട് മുനമ്പം പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ ചികിത്സയിലാണ്. ചെറായി രക്തേശ്വരി ബീച്ചിലെ കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റിനെതിരെ 3 ആഴ്ചയായി നാട്ടുകാർ സമരത്തിലായിരുന്നു. അങ്കണവാടിയും, ബീച്ചിനോടും ചേർന്ന ജനവാസ മേഖലയിൽ ഔട്ട്‍ലെറ്റ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.

സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇവർ മദ്യം വാങ്ങാനെത്തുന്നവരെ ഔട്ട്‍ലെറ്റിൽ മുന്നിൽ നിന്ന് മടക്കി അയക്കാനും തുടങ്ങി.ഇതോടെ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ച കൺസ്യൂമർ ഫെഡ് അനുകൂല ഉത്തരവ് നേടിയെടുത്തു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സമരപന്തൽ പൊളിച്ച് മാറ്റിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.