നാലാമന്റെ ചിത്രവും കാശ്‌മീര്‍ പൊലീസ് പുറത്തുവിട്ടു. ഇയാള്‍ ശ്രീനഗര്‍ സ്വദേശി തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്.
ശ്രീനഗര്: പ്രമുഖ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്നവരില് നാലാമന്റെ ചിത്രവും കശ്മീര് പൊലീസ് പുറത്തുവിട്ടു. ബുഖാരിയുടെ മൃതദേഹം പരിശോധിക്കുന്ന ചിത്രമാണ് പൊലീസ് പുറത്തു വിട്ടത്. ഇയാള് ശ്രീനഗര് സ്വദേശി തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ, ബൈക്കില് സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങള് പൊലീസിന് ലഭിച്ചിരുന്നു. ഇതില് ഒരാള് ഹെല്മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്.
പെരുന്നാളിന്റെ തലേ ദിവസം വൈകിട്ട് ഇഫ്താര് വിരുന്നിന് പോകാനായി ഓഫീസില് നിന്ന് ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. ശ്രീനഗര് പ്രസ് കോളനിയിലെ ഓഫീസിനു പുറത്ത് നിർത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബുഖാരിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1997 മുതൽ 2012 വരെ ഹിന്ദു ദിനപത്രത്തിന്റെ ശ്രീനഗർ പ്രത്യേക ലേഖകനായിരുന്നു അദ്ദേഹം. 2000 ത്തിൽ ഇദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായിരുന്നു.
