ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിയില്‍ എത്തിയത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയതിനാണ് പിടിയിലായത്

ദുബായ്: ഭിക്ഷാടനം നിരോധിച്ച റമസാന്‍ കാലത്ത് ഭിക്ഷയെടുത്ത ആളെ പിടികൂടിയ പൊലീസ് ഞെട്ടി. ദുബായ് പൊലീസ് അറുപതോളം പ്രായം വരുന്നയാളെ അല്‍ഖാസില്‍ വച്ചാണ് പിടികൂടിയത്. ഇയാളെ പരിശോധിച്ചപ്പോള്‍ കൃത്രിമക്കാലില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് 100000 ദിര്‍ഹമാണ്. ഏകദേശം 1855270 ഇന്ത്യന്‍ രൂപ വരും ഈ തുക. ഇത് കൂടാതെ വിവിധ മൂല്യമുള്ള വിദേശ കറന്‍സിയും പൊലീസ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെത്തി. കൃത്രിമ കാലുകളിൽ ഒളിപ്പിച്ച നിലയില്‍ 45,000 ദിർഹമാണ് കണ്ടെത്തിയത്.

ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിയില്‍ എത്തിയത്. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്പനിയില്‍ പൊലീസ് ഇയാളെ പറ്റിയുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. റമസാൻ കാലത്ത് വിവിധ രാജ്യക്കാരായ 243 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ 136 പേർ പുരുഷൻമാരും 107 പേർ സ്ത്രീകളുമാണ്. അറസ്റ്റിലായവരിൽ 195 പേർ വിസിറ്റിങ് വിസയിൽ എത്തിയവരാണ്. 48 പേർക്ക് ആവശ്യമായ രേഖകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തുറന്ന് കിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇവര്‍ ഭിക്ഷ യാചിച്ചെന്ന് ദുബായ് പൊലീസ് വെളിപ്പെടുത്തി. പൊലീസ് പരിശോധന മറി കടക്കാന്‍ വേറിട്ട മാര്‍ഗങ്ങളാണ് ഇവര്‍ അവലംബിക്കാറുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നും പൊലീസ് വിശദമാക്കുന്നു.