ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് വാവര് നടയില്‍ നാമജപ പ്രതിഷേധം നടത്തിയ 89 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ചതിന് 52 പേര്‍ക്കെമെതിരെ കേസുണ്ട്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളും.
സന്നിധാനം: ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് വാവര് നടയില്‍ നാമജപ പ്രതിഷേധം നടത്തിയ 89 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ചതിന് 52 പേര്‍ക്കെതിരെ കേസുണ്ട്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പൊന്‍കുന്നം, ചിറക്കടവ് മേഖലയിലുള്ളവരാണിവര്‍. അറസ്റ്റിലായവരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളും ആര്‍എസ്എസുകാരും ഉണ്ടെന്ന് പൊലിസ് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ഹരിവരാസനം ചൊല്ലുന്ന സമയത്തായി നാമജപപ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ ഇവർക്കെതിരെ പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. ഹരിവരാസനം ചൊല്ലുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ആളുകള്‍ സംഘടിക്കുകയും നാമജപം നടത്തുകയും നട അടച്ചു കഴിഞ്ഞാല്‍ ഇവരെല്ലാം പിരിഞ്ഞു പോകുകയും ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള രീതി. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം മാളികപ്പുറത്തും പരിസരത്തുമായിരുന്നു നാമജപപ്രതിഷേധം. ഇവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് ശ്രമിച്ചിരുന്നില്ല.
എന്നാല്‍ വാവര് നടയില്‍ പതിനെട്ടാം പടിക്ക് സമീപത്തും ഇത്തരം പ്രതിഷേധങ്ങള്‍ വേണ്ടെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇന്ന് പതിനൊന്ന് മണിയോടെ രണ്ട് ബാച്ചുകളിലായി ആളുകള്‍ എത്തിയത്. പൊലീസ് ബാരിക്കേഡിനകത്ത് കയറി നാമജപപ്രതിഷേധം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ചതിന് പിന്നാലെ പൊലീസ് ഇവരെ വളയുകയും പൊലീസ് വലയത്തില്‍ തന്നെ രണ്ട് ബാച്ചുകളിലായി പമ്പയിലേക്ക് കൊണ്ടുവരികയുമായിരുന്നു.
സന്നിധാനത്തും പതിനെട്ടാം പടിക്ക് മുന്നിലും ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി തന്നെ നേരിട്ട് തന്നെ വ്യക്തമാക്കിയതാണെന്നും അവിടെ പ്രതിഷേധം പാടില്ലെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനാലാണ് നടപടിയെന്നും പൊലീസ് വിശദീകരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കാര്യമായ സംഘര്‍ഷമില്ലാതിരുന്ന ശബരിമലയില്‍ തിരക്ക് വര്‍ധിക്കുകയും മണ്ഡലകാലത്തെ അതേ അവസ്ഥയിലേക്ക് സന്നിധാനം മടങ്ങി വരികയുമായിരുന്നു. ഇതിനിടയിലാണ് ഇന്ന് വീണ്ടും നാമജപപ്രതിഷേധവും പൊലീസ് നടപടിയും ഉണ്ടാവുന്നത്.
