റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസ് പിടിയിൽ

ആലപ്പുഴ: മാരകായുധങ്ങളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പതിമൂന്നിൽ ഉഷസിൽ വിജയന്‍റെ മകൻ നിർമൽ (23) , അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വണ്ടാനം നടയപറമ്പ് ബാബുരാജിന്‍റെ മകൻ ബാലകൃഷ്ണൻ (24) എന്നിവരെയാണ് പുന്നപ്ര എസ്.ഐ.ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വണ്ടാനം ശ്രീ ധർമശാസ്താ ക്ഷേത്രത്തിന് സമീപം റോഡിൽ ആയുധങ്ങളുമായി ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് വടിവാള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ നിർമൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍റ് ചെയ്തു.