മലപ്പുറം: പൂക്കോട്ടുംപാടം വില്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തയാളെ പൊലീസ് പിടികൂടി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയാണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം വാണിയമ്പലത്തെ മറ്റൊരു ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതും ഇയാള്‍ തന്നെയാണ് സൂചനയുണ്ട്. ഈ രണ്ട് സംഭവങ്ങളുടെ പേരിലും വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വ്യാപക പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി നടന്നുവന്നത്.
ഇന്നലെ രാവിലെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശിവനും വിഷ്ണുവിനും തുല്യ പ്രധാന്യമുള്ള ഇവിടുത്തെ ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളും തുറന്ന നിലയിലും കല്ലുകള്‍ കൊണ്ടുള്ള വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയിലുമായിരുന്നു. ബിംബാരാധനയ്ക്കും ഹിന്ദുമതത്തിലെ അനാചാരത്തിനും താന്‍ എതിരാണെന്നായിരുന്നു പിടിയിലായ രാജാറാം മോഹന്‍ദാസ് പൊലീസിനോട് പറഞ്ഞത്. ചുറ്റമ്പലത്തിലെ ഓടിളക്കി ക്ഷേത്രത്തിനകത്ത് കടന്ന ശേഷം ശിവന്റെ ശ്രീകോവിലിലെ പൂട്ടുപൊളിച്ച് അകത്തുകയറി. വിഗ്രഹം രണ്ടായി പിളര്‍ന്ന നിലയിലാണ് പുലര്‍ച്ചെ ജീവനക്കാര്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ ശ്രീകോവിലിലെ വാതിലുകള്‍ വെട്ടിപ്പൊളിച്ച് അകത്ത് കയറിയ ശേഷം പൂര്‍ണ്ണകായ വിഗ്രഹം കാല്‍മുട്ടിന് മുകളില്‍ പൊട്ടിച്ച് പിന്നിലേക്ക് തള്ളിയിട്ടു. മറ്റ് ശ്രീകോവിലുകളിലും നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.
പ്രദേശത്ത് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. റംസാന്‍ വൃതാരംഭത്തിന്റെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വലിയ പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി നടന്നു. ഇതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
