തിരുവനന്തപുരം: നാട്ടുകാരും പരാതിക്കാരും നോക്കി നിൽക്കെ പൊലീസ് സ്റ്റേഷനിൽ എസ്.ഐയും പോലീസ് അസോസിയേഷൻ നേതാവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിലാണ് സംഭവം. സേനയക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് കമ്മീഷണർ ഉത്തരവിട്ടു.
ഇന്ന് രാവിലെയാണ് പേരൂർക്കട സ്റ്റേഷനിൽ എസ്.ഐയും സിവിൽ പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. കന്‍റോൺമെന്‍റ് എ.സി പോലീസുകാർക്കായി വെച്ച ക്ളാസിൽ പങ്കെടുക്കാൻ പോലീസ് ജീപ്പ് വിട്ടു നൽകണമെന്ന് അസോസിയേഷൻ പ്രതിനിധി കിരൺ എസ്ഐ പ്രേകുമാറിനോട് ആവശ്യപ്പെട്ടു.എന്നാൽ അടുത്ത സ്റ്റേഷനിലെ പോലീസുകാർ സ്വന്തം വാഹനത്തിലാണ് പരിപാടിക്കായി പോയതെന്നും അതിനാൽ വാഹനം അനുവദിക്കാനാകില്ലെന്നും എസ്.ഐ അറിയിച്ചു. ഇതോടെയാണ് അസോസിയേഷൻ നേതാവ് തട്ടിക്കയറിയത്.
ക്ളാസ് ജോലിയുടെ ഭാഗമാണെന്നും അതിനാൽ ജീപ്പ് അനുവദിക്കണമെന്നും സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എസ്ഐ ഇതിന് സമ്മതിക്കാതെ വന്നതോടെ ഇവരുടെ വാക്കേറ്റം കയ്യാങ്കളിവരെയെത്തി. ഈ സമയം സ്റ്റേഷനിൽ പ്രതികളും പരാതിക്കാരുമായി നിരവധിപേരുണ്ടായിരുന്നു. സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിലാണ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടത്.
