രാജ്യദ്രോഹകുറ്റമാണ് കമല്‍സി ചവറക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്‍മശാനങ്ങളുടെ കണക്കുപുസ്തകം എന്ന നോവലില്‍ മൂത്രമൊഴിക്കാന്‍ അനുവദിക്കാതെ ജനഗണമന ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടി വരുന്നതിനെ ചോദ്യം ചെയ്യുന്നതായുള്ള ഒരു കുട്ടിയെ കുറിച്ചുള്ള പരമാര്‍ശത്തിനാണ് കമലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്. ശശിയും ഞാനും എന്ന എഴുതി കൊണ്ടിരിക്കുന്ന നോവലിലെ ചില പരമാര്‍ശങ്ങള്‍ കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് നടപടികളിലാണ് 124 എ വകുപ്പ്ചുമത്തിയിരിക്കുന്നത്. രാജ്യദ്രാഹിയെന്ന് ആരോപിച്ച് പോലീസ് കരുനാഗപ്പള്ളിയിലെ തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് കമല്‍സി പറഞ്ഞിരുന്നു.

ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പോലീസ് വിശദീകരണം. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.