കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഡിജിപി 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവൻ വെടിവെച്ച് കൊല്ലണമെന്ന് ഫേസ്ബുക്കില് പോസ്റ്റിട്ടെന്നാരോപിച്ച് ബിജെപി നല്കിയ പരാതിയില് ദീപക് ശങ്കര നാരായണനെതിരെ പൊലീസ് കേസെടുത്തു. കശ്മീരിലെ കത്വയിൽ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില് പ്രതികരണമായുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ശങ്കരനാരായണനെതിരെ ബിജെപി പരാതി നല്കിയത്. ബിജെപി സംസ്ഥാന മീഡിയാ കൺവീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആർ. വാചസ്പതി ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൻ മേൽ നിയമോപദേശം തേടിയ ഡിജിപി ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുക, മതസ്പർദ്ധ വളർത്തുക, വർഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുക എന്നീ കുറ്റങ്ങളാണ് ശങ്കരനാരായണനെ ചുമത്തിയിരിക്കുന്നത്. തൈക്കാട് സൈബർ പൊലീസാണ് നിലവിൽ കേസെടുത്തിരിക്കുന്നതെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. പരാതിക്കാരനായ സന്ദീപിനെ വിളിച്ചു വരുത്തി സൈബർ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തി. ബംഗലൂരുവിൽ സ്വകാര്യ ഐടി കമ്പനിയിൽ എൻജിനീയറാണ് ദീപക് ശങ്കരനാരായണൻ.
