വയനാട്: കുടുംബശ്രീ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗത്തെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനും രണ്ട് കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ചെയര്‍മാന്‍ സി.കെ. സഹദേവനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ബത്തേരി എസ്.ഐ. അജീഷ്‌കുമാര്‍ പറഞ്ഞു. 

കെ. റഷീദ്, ജയപ്രകാശ് എന്നിവരാണ് കൗണ്‍സിലര്‍മാര്‍. സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗം പുത്തന്‍പുരക്കല്‍ ഷാജിതയുടെ പരാതിയിലാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സി.ഡി.എസ് തെരഞ്ഞെടുപ്പിനിടെ നഗരസഭ കോമ്പൗണ്ടില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് അനുകൂലികള്‍ തമ്മില്‍ സംഘര്‍ഷം ഉ്ണ്ടായിരുന്നു. ഇതിനിടെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദ്ദിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. 

പരിക്കേറ്റ ഷാജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ചീത്തവിളിക്കല്‍ തുടങ്ങിയവക്കെതിരെ ഐ.പി.സി 354, 323, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബത്തേരി വനിത എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

സംഭവ സ്ഥലത്തെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് വരണാധികാരിയുടെ പരാതിയില്‍ ഒരു യു.ഡി.എഫ് കൗണ്‍സിലര്‍ക്കെതിരെയും കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും മര്‍ദ്ദിച്ചെന്നുമാണ് വരണാധികാരി മണിയന്‍ നല്‍കിയ പരാതിയിലുള്ളത്.