തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്ര ഉത്സവ ഘോഷയാത്രക്കിടെ തിരുവല്ലം എസ്.ഐയെയും മൂന്നു പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ പത്തോളംപ്പേര്‍ കസ്റ്റഡിയില്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് സംഘം ഇപ്പോഴും ക്യാമ്പ് ചെയ്യുന്നു. അതിനിടെ പൊലീസുകാരെ ഒരു സംഘം അക്രമിക്കുന്നതിന്‍റെയും നിലത്ത് ഇട്ടു ചവിട്ടുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളെ തിരിച്ചരിഞ്ഞിരിക്കുന്നത്.
കസ്റ്റഡിയിലുള്ളവരുടെ ചിത്രങ്ങള്‍ ആക്രമണത്തിനു ഇരയായ പൊലീസുകാര്‍ക്ക് തിരിച്ചറിയലിനായി നല്‍കും. ഇവരുടെ കൂടി പ്രതികരണം ലഭിച്ച ശേഷമാകും പ്രതികളായവരുടെ അറസ്റ്റ് രേഖപെടുത്തുന്നതെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. പരിക്കേറ്റു ചികിത്സയിലിരുന്ന തിരുവല്ലം എസ്.ഐ ശിവകമാർ, എസ്.എ.പി യിലെ പൊലിസുകാരായ ശ്യാം കുമാർ, വൈശാഖ്, ഷിബി എന്നിവര്‍ സ്വകാര്യ ആശുപതിയിലേ ചികിത്സക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.
ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ചുടുകാട് മുടിപ്പുര ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയവർ ഇരു വിഭാഗങ്ങളായി പിരിഞ്ഞ് നടത്തിയ അടിപിടി തടയാനെത്തിയ പൊലീസ് കാരെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. ഇതിനിടെ പൊലീസിന് നേരെ കല്ലേറും നടന്നു. കൂടുതൽ പൊലീസ് എത്തിയാണ് പരിക്കുപറ്റിയ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്.

