സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായിട്ടും നടപുടി എടുക്കാതെ പോലീസ്

ഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങളില്‍ റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായിട്ടും ചെറുവിരളനക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍. വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തകേസടക്കം പ്രതികളെ കുറിച്ച് വ്യക്തമായ തെളിവുകള്‍ റവന്യൂവകുപ്പ് പോലീസിന് കൈമാറിയിട്ടും നടപടിയില്ല. 

കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ ഷാജിയും, മൂന്നാറിലെ ബോട്ടാനിക്ക് ഗാര്‍ഡന് സമീപത്ത് സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖകളുണ്ടാക്കി പ്ലോട്ടുകളാക്കി വില്പന നടത്തിയ കേസില്‍ മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദ്ദാര്‍ ശ്രീകുമാറും പോലീസിനോട് കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ദേവികുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദുരൈപാണ്ടിയെന്ന പാസ്റ്ററടങ്ങുന്ന സംഘത്തിനെതിരെ കേസെടുക്കാന്‍ ദേവികുളം തഹസില്‍ദ്ദാര്‍ നിര്‍ദ്ദേശം നല്‍കിത്. സ്വകാര്യ കമ്പനിയില്‍ നിന്നും പത്തുകോടി രൂപ വായ്പയെടുക്കുന്നതിനായാണ് ഇയാള്‍ സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖകളുണ്ടാക്കിയത്. 

പാസ്റ്ററുടെ ചെയ്തികളില്‍ സംശയം തോന്നിയ കമ്പനിയുടമകള്‍ ഇയാളുടെ സംഭാഷണം ക്യാമറയില്‍ പകര്‍ത്തുകയും നിജസ്ഥിതി മനസ്സിലാക്കാന്‍ ദേവികുളം തഹസില്‍ദ്ദാരെ നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തു. രേഖകള്‍ വ്യാജമാണെന്ന് മനസ്സിലാക്കിയ തഹസില്‍ദ്ദാര്‍ പി.കെ ഷാജി ക്യാമറയിലെ സംഭാഷണവും ദ്യശ്യങ്ങളും തെളിവുകളായി പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയ്യറായിരുന്നില്ല. ഇതിനിടയില്‍ ദ്യശ്യങ്ങള്‍ പോലീസിന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതായി ചിലര്‍ പറയുകയും ചെയ്തു. സംഭവം മാധ്യങ്ങള്‍ ഏറ്റെടുത്തതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മൂന്നാറിലെ സ്ഥിതിയും മറ്റൊന്നല്ല. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ബോട്ടാനിക്ക് ഗാര്‍ഡന് സമീപത്ത് 15 ഏക്കറോളംവരുന്ന സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയ നേതാക്കളുടെ പിന്‍തുണയോടെ ചിലര്‍ കൈയ്യേറി ഷെഡ് സ്ഥാപിക്കുന്നതായി മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദ്ദാര്‍ ശ്രീകുമാറിന് വിവരം ലഭിച്ചിരുന്നു. അനധിക്യതമാണെന്ന് കണ്ടെത്തിയ ഷെഡുകള്‍ പൊളിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും കോടതി ഉത്തരവ് തിരിച്ചടിയായി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ ഇവരുടെ രേഖകള്‍ വ്യാജമാണന്നും കോടതിയെ തെറ്റുധരിപ്പിച്ചാണ് ഉത്തരവ് നേടിയെടുത്തതെന്നും മനസ്സിലാക്കിയ തഹസില്‍ദ്ദാര്‍ ഭൂമി കൈയ്യേറിയ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ മൂന്നാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ കടലാസിലൊതുങ്ങുകയായിരുന്നു. 

സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രിതികളെ പിടികൂടുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസ് തയ്യറായിട്ടില്ല. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ കൈയ്യേറുമ്പോള്‍ അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യറാകാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഭൂമി കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ സൂക്ഷപരിശോധനയിലാണെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്.