സിസിടിവിയില്‍ മോഷണ ദൃശ്യമോ മോഷ്ടാവിന്റെ മുഖമോ ഒന്നും പതിഞ്ഞില്ല സിസിടിവി നല്‍കിയത് കള്ളനിലേക്കുള്ള നിര്‍ണായക തെളിവ് 

മോഷ്ടാവിനെ പിടികൂടാന്‍ പോലീസിന് സഹായിച്ച് മോഷണത്തിനിടെ സിസിടിവിയെ പറ്റിക്കാന്‍ ഉപയോഗിച്ച വിദ്യ. സിസിടിവിയില്‍ മോഷണ ദൃശ്യമോ മോഷ്ടാവിന്റെ മുഖമോ ഒന്നും പതിഞ്ഞില്ല, പക്ഷേ സിസിടിവി മറയ്ക്കാന്‍ ഉപയോഗിച്ച വിദ്യയില്‍ വിരല്‍ അടയാളം കൃത്യമായി പതിഞ്ഞത് കള്ളന്റെ ശ്രദ്ധയില്‍ പെട്ടില്ല. വിരല്‍ അടയാളം വച്ച് പൊലീസുകാര്‍ കള്ളനെ കൃത്യമായി കണ്ടു പിടിക്കുകയും ചെയ്തു.

അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ക്യാമറകള്‍ ചൈനീസ് ക്ലേ ഉപയോഗിച്ചാണ് കള്ളന്‍ മറച്ചത്. എന്നാല്‍ ചാനീസ് ക്ലേയില്‍ കൈയുറ ഉപയോഗിക്കാതെ പിടിച്ചത് കള്ളന് വിനയായി. 2011 ഡിസംബറില്‍ നടന്ന മോഷണത്തിലെ പ്രതിയെ വെളിച്ചത്ത് കൊണ്ടു വരാന്‍ ഏഴു വര്‍ഷമാണ് പൊലീസിന് എടുത്തത്. 

സ്ഥിരം മോഷ്ടാവാണ് പിടിയിലായിരിക്കുന്നതെന്നും സമാനരീതിയിലുള്ള മോഷണങ്ങളില്‍ മറ്റ് സ്റ്റേഷനുകളിലും ഇയാളെ തിരയുന്നുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുറച്ച് കാലമെടുത്താണ് പ്രതി പിടിയിലായതെങ്കിലും യഥാര്‍ത്ഥ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്.