പൊലീസ് കസ്റ്റഡിയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ബ്ലൂ ബ്ലാക്ക് മെയില്‍ കേസ് പ്രതി ബിന്ധ്യാസിനോട് ആരോപണം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി. സംഭവം നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ താന്‍ ശബരിമല വ്രതത്തിലായിരുന്നുവെന്ന് കുറ്റരോപിതനായ എറണാകുളം നോര്‍ത്ത് സിഐ എന്‍ സന്തോഷ് പറഞ്ഞു. തെളിവുകള്‍ ലഭിച്ച ശേഷം മാത്രം കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.
ബ്ലൂബ്ലാക്ക് മെയില് കേസില് പാലാരിവട്ടം പാലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍കഴിയവെ അന്നത്തെ എറണാകുളം നോര്‍ത്ത് സിഐ എന്‍സി സന്തോഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബിന്ധ്യാസിന്റെ പരാതി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ റെജി മോള്‍, ഷൈനി മോള്‍ എന്നിവര്‍ ഇതിന് കൂട്ടു നിന്നുവെന്നും ബിന്ധ്യാസ് പറയുന്നു. ജാമ്യം ലഭിച്ച ശേഷം എറണാകളും ജനറല്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ഡോക്ടര്‍മാരോട് പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ധ്യാസ് മൊഴി നല്‍കി. പൊലീസ് സ്റ്റേഷന്റെ മൂന്നാം നിലയിലെ വിശ്രമമുറിയില്‍ വെച്ചാണ് സിഐ ഉപദ്രവിച്ചതെന്നും ബിന്ധ്യാസ് പറഞ്ഞു.
എന്നാല്‍ ബിന്ധ്യാസ് പച്ചക്കള്ളമാണ് പറയുന്നതെന്ന് സിഐ എന്‍ സന്തോഷ് പ്രതികരിച്ചു. ഒരു സ്റ്റേഷനിലും ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും സംഭവം നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ താന്‍ ശബരിമല വ്രതത്തിലായിരുന്നുവെന്നും സന്തോഷ് മൊഴി നല്‍കി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിന്ധ്യാസ് ഉന്നയിക്കുന്നതെന്ന് സിവില്‍ പൊലീസ് ഓഫീസര്‍ റെജി മോള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇത് സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നിര്‍ദ്ദേശം നല്‍കിയത്. മുഴുവന്‍ രേഖകളും ലഭ്യമാക്കാന്‍ ബിന്ധ്യാസിന്റെ അഭിഭാഷകന്‍ ഒരു മാസത്തെ സാവകാശം തേടിയിട്ടുണ്ട്. കേസ് ഇനി ജൂണ്‍ ഒമ്പതിന് പരിഗണിക്കും.
