ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയുന്നവരുടെ തലവെട്ടുമെന്ന് പറഞ്ഞ ഹൈദരാബാദിലെ ബിജെപി എംഎല്‍എ രാജാ സിങ് വിവാദത്തില്‍. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി വിവാദത്തിലായ നേതാവാണ് രാജാ സിങ്.

രാമനവമി ദിനത്തില്‍ നടന്ന പൊതുയോഗത്തിലാണ് ഘോഷ്മഹലിലെ ബിജെപി എംഎല്‍എ രാജാസിങ് വിവാദ പ്രസംഗം നടത്തിയത്.അയോധ്യയില്‍ എന്ത് വിലകൊടുത്തും രാമക്ഷേത്രം പണിയുമെന്നും എതിര്‍ക്കുന്നവരുടെ തലകൊയ്യാന്‍ മടിയിലെന്നും രാജാസിങ് തുറന്നുപറഞ്ഞു.

യുപി ഭരിക്കുന്നത് ആരെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ രാജാ സിങ് നിര്‍ബന്ധമാണെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലുമൊരിടത്ത് ബാബറി മസ്ജിദ് പോലൊന്ന് പണിതുതരാമെന്നും വാഗ്ദാനം നല്‍കി. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ എംഎല്‍എ തന്നെയാണ് പ്രസംഗം പുറത്തുവിട്ടത്. വിശദീകരണം തേടിയ മാധ്യമങ്ങളോടും ബിജെപി എംഎല്‍എ നിലപാട് ആവര്‍ത്തിച്ചു.

രാമക്ഷേത്രത്തിനായി ജീവനൊടുക്കാനും ആളെക്കൊല്ലാനും തനിക്ക് മടിയില്ലെന്നായിരുന്നു പ്രതികരണം. എംഎല്‍എയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തഹ്രീക് പരാതി നല്‍കി. പരാതിയില്‍ ഘോഷ്മഹല്‍ പൊലീസ് കേസെടുത്തു. ഇതിന് മുമ്പും വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന് രാജാസിങ് അറസ്റ്റിലായിരു്ന്നു