ഹെലികോപ്ടറിലാണ് ആദ്യഘട്ടത്തില്‍ പൊലീസ് തിരച്ചിലിന് ഇറങ്ങിയത്. എന്നാല്‍ ദ്വീപിലേക്ക് ഒരു പരിധി വിട്ട് അടുക്കാനാകാഞ്ഞതോടെ ജോണ്‍ കൊല്ലപ്പെട്ട സ്ഥലമോ, ജോണിനെ അടക്കം ചെയ്ത സ്ഥലമോ ഇവര്‍ക്ക് കണ്ടെത്താനാകാതെ പോവുകയായിരുന്നു

പോര്‍ട്ട്‌ബ്ലെയര്‍: ക്രിസ്തുമത പ്രചാരണത്തിനെത്തി, ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ യുവാവിന്റെ മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടര്‍ന്ന് പൊലീസ്. എന്നാല്‍ സംഭവം നടന്ന ആന്‍ഡമാന്‍ ദ്വീപിലെ സെന്റിനെല്‍സിലേക്ക് ഇവര്‍ക്ക് അടുക്കാന്‍ പോലുമാകാത്ത സാഹചര്യമാണുള്ളത്. 

പരിഷ്‌കൃത ലോകത്ത് നിന്ന് ഏറെ മാറിക്കഴിയുന്ന ഗോത്രവര്‍ഗക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ക്കിടയില്‍ ക്രിസ്തുമതമെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ജോണ്‍ അലന്‍ ചൗ എന്ന ഇരുപത്തിയാറുകാരനെത്തിയത്. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ ജോണ്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. 

ജോണിന്റെ മൃതദേഹം ദ്വീപുനിവാസികള്‍ കടപ്പുറത്ത് കുഴിച്ചിടുന്നത് കണ്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതായി ജോണിന്റെ സുഹൃത്ത് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മൃതദേഹത്തിനായി തിരച്ചില്‍ തുടങ്ങിയത്. 

ഹെലികോപ്ടറിലാണ് ആദ്യഘട്ടത്തില്‍ പൊലീസ് തിരച്ചിലിന് ഇറങ്ങിയത്. എന്നാല്‍ ദ്വീപിലേക്ക് ഒരു പരിധി വിട്ട് അടുക്കാനാകാഞ്ഞതോടെ ജോണ്‍ കൊല്ലപ്പെട്ട സ്ഥലമോ, ജോണിനെ അടക്കം ചെയ്ത സ്ഥലമോ ഇവര്‍ക്ക് കണ്ടെത്താനാകാതെ പോവുകയായിരുന്നു. 

ഗോത്രവര്‍ഗക്കാരുടെ രീതികളെ കുറിച്ച് അറിയാവുന്ന വിദഗ്ധരുടെ സഹായം തേടാനാണ് ഇപ്പോള്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ജലമാര്‍ഗം മറ്റൊരു സംഘവും തിരച്ചിലിനായി തിരിച്ചിട്ടുണ്ട്. 

മതപ്രചാരണവുമായി ബന്ധപ്പെട്ട് ഏറെ യാത്രകള്‍ നടത്തിയ ആളായിരുന്നു ജോണ്‍ അലന്‍ ചൗ. സെന്റിനെല്‍സിലെ ദ്വീപുകാരെയും മതത്തിലേക്ക് ആകര്‍ഷിപ്പിക്കാനാണ് ജോണ്‍ ശ്രമിച്ചത്. എന്നാല്‍ നൂറ്റാണ്ടുകളായി മറ്റൊരിടവുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന ഗോത്രവര്‍ഗക്കാര്‍ ജോണിനെ അമ്പെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജോണിനെ ദ്വീപിലെത്താന്‍ സഹായിച്ചതിന് പോര്‍ട്ട്‌ബ്ലെയറിലുള്ള ഏതാനും മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.