സനലിനെ രക്ഷിയ്ക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തി പൊലീസ് ക്രൂരത - വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 1:15 PM IST
police cruelty payed a life in neyyattinkara watch video
Highlights

ഡിവൈഎസ്‍പി ഹരികുമാർ റോഡിലേയ്ക്ക് തള്ളിയിട്ട് കൊന്ന സനലിനെയും കൊണ്ട് പൊലീസ് ആദ്യം പോയത് ആശുപത്രിയിലേക്കല്ല, സ്റ്റേഷനിലേക്കാണ്. സനലിനെ രക്ഷിയ്ക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസാണ്.

തിരുവനന്തപുരം: സമയം രാത്രി 10.23. പരിക്കേറ്റ സനൽകുമാറുമായി താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് മെഡിക്കൽ കോളേജിന് പകരം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതാണ് ദൃശ്യത്തിൽ.


തുടര്‍ന്ന് സനലിനെ 10.21-ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അറിയിക്കുകയായിരുന്നു. 11.10-ഓടെ സനലിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഡ്യൂട്ടിമാറാനായി പൊലീസുകാര്‍ സ്റ്റേഷനില്‍ പോവുകയായിരുന്നു.'

വിദഗ്‍ധ ചികിത്സ നൽകാൻ പ്രദേശത്തെ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് പറഞ്ഞയച്ച രോഗിയെയും കൊണ്ടാണ് പൊലീസുകാർ സ്റ്റേഷനിലേക്ക് പോയത്. സനൽ തീർത്തും ഗുരുതരാവസ്ഥയിലായിരുന്നെന്ന് പൊലീസുകാർക്ക് അറിയാമായിരുന്നെന്ന് വ്യക്തം. ഡ്യൂട്ടിമാറ്റമെന്നല്ലാതെ പൊലീസിന് ഇതിൽ മറ്റെന്ത് ന്യായം പറയാനുണ്ട്? ചോരവാർന്ന് റോഡിൽ അരമണിക്കൂറോളം കിടന്നാണ് സനൽ മരിച്ചത്.

അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സജീഷ് കുമാര്‍, ഷിബു എന്നീ രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സനലിന്‍റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തല്‍ പുറത്ത് വന്നതിന് പുറകെയാണ് പൊലീസുകാരെ സസ്പെന്‍റ് ചെയ്തത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്‍പി ഹരികുമാറാണ് അപകടവിവരം എസ്ഐയെ വിളിച്ചറിയിച്ചത്. എസ്ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്.

കേസിൽ റൂറൽ എസ്‍പിയും കൃത്യമായി നടപടിയെടുത്തില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അപകടശേഷം ഹരികുമാർ റൂറൽ എസ്‍പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാൽ സംഭവത്തിന്‍റെ ഗൗരവം റൂറൽ എസ്‍പി മനസ്സിലാക്കിയില്ല. കൃത്യമായ നടപടിയെടുത്തതുമില്ല.

അപകടശേഷം, ഏതാണ്ട് ഒരു മണിക്കൂറോളം ഹരികുമാറിന്‍റെ ഔദ്യോഗികമൊബൈൽ സജീവമായിരുന്നു. പിറ്റേ ദിവസം ഉപയോഗിച്ചത് സ്വകാര്യമൊബൈൽ ഫോണാണ്. രണ്ടും ട്രേസ് ചെയ്യാൻ പൊലീസിനായില്ല എന്നത് മറ്റൊരു വീഴ്ചയായി. ഈ സാഹചര്യത്തിൽ റൂറൽ എസ്‍പിയോടും ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്.

നേരത്തേയും ഗുരുതര ആരോപണങ്ങളുയർന്ന ഹരികുമാറിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്‍റലിജൻസ് ഐജി മനോജ് എബ്രഹാം റിപ്പോർട്ട് നൽകിയിരുന്നതാണ്. ഹരികുമാറിനെയും കൊല്ലത്ത് ക്രമസമാധാന ചുമതലയുള്ള ഒരു അസി.കമ്മീഷണറെയും മാറ്റണമെന്നായിരുന്നു ഐജിയുടെ റിപ്പോർട്ട്. എന്നാല്‍ റിപ്പോര്‍ട്ട് സർക്കാരിൽ എത്താൻ വൈകി. പൊലീസ് അസോസിയേഷനിലെ ചില ഉന്നതർ ഇടപെട്ട് റിപ്പോർട്ട് മുക്കിയെന്നാണ് സൂചന.

loader