ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെയും മൊഴിയെടുപ്പ് തുടരുകയാണ്. മാനേജ്മെന്റിനെതിരായ ആരോപണങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. ഹോസ്റ്റലിന് സമീപത്തുനിന്നും കണ്ടെത്തിയ കുറിപ്പ് ശാസ്ത്രീയമായി പരിശോധനിക്കും. എന്റെ ജീവിതം നഷ്ടമായി, എന്റെ സ്വപ്നങ്ങള്‍ നഷ്ടമായി തുടങ്ങിയതായിരുന്നു ഇംഗ്ലീഷിലെഴുതിയ കുറിപ്പിന്റെ ഉള്ളടക്കം. കുറിപ്പ് ജിഷ്ണുവിന്റേതാണോ എന്ന് സ്ഥിരീകരിക്കാനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്.
ജിഷ്ണുവിന്റെ പരീക്ഷാ പേപ്പര്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ശേഖരിച്ച് പരിശോധിക്കുകയും ചെയ്യും. മൊഴികളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്ത ശേഷമാവും മാനെജ്മെന്റിനെതിരെ പ്രേരണാക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുക. അതിനിടെ ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്ന് ബന്ധുക്കളും സഹപാഠികളും ആവര്‍ത്തിക്കുമ്പോഴും പഴന്നൂര്‍ എസ്.ഐ ജനശേഖരന്‍ തയാറാക്കിയ എഫ്.ഐ.ആറില്‍ മുറിവുകളെക്കുറിച്ച് പരാമര്‍ശമില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും മൂക്കില്‍ മുറിവുണ്ടായിരുന്നെന്ന കാര്യം വ്യക്തമാക്കിയിരുന്നു.
