തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് ദേശീയ പാതയോരത്തു കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ് തല്ലിത്തകര്‍ത്തെന്ന് ആരോപണം. ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. വിളക്കു സ്ഥാപിച്ചിരുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അക്രമം.
കലാഭവന്‍ മണി സേവന സമിതിയുടെ നേതൃത്വത്തില്‍ മാമം ജംഗ്ഷനില്‍ രാത്രി യാത്രക്കാര്‍ക്കുള്ള സൗജന്യ ചുക്കുകാപ്പി വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. മണിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഇതിനു മുന്നില്‍ കെടാവിളക്കു സ്ഥാപിച്ചു. രണ്ടാഴ്ച മുന്‍പ് കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആണു കെടാവിളക്ക് തെളിയിച്ചത്.
എന്നാല്‍, ഈ ഭാഗത്ത് അപകടങ്ങള്‍ ഏറുന്നുവെന്നും കെട്ടിടം സര്‍ക്കാര്‍ ഭൂമിയിലായതിനാല്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്നും റവന്യൂ വകുപ്പും പൊലീസും സേവന സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഇതു മാറ്റാന്‍ സമിതി തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നതുമാണ്.
ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിനെ നേരില്‍ക്കണ്ട് കെടാവിളക്ക് പുതിയ കെട്ടിടത്തിലേക്കു മാറ്റാന്‍ 19 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. ഉടന്‍ കെടാവിളക്ക് മാറ്റിയില്ലെങ്കില്‍ കാപ്പ നിയമപ്രകാരം അറസ്റ്റ്ചെയ്തു ജലിയിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും കലാഭവന്‍ മണി സേവാ സമിതി പ്രസിഡന്റ് അജില്‍ മണിമുത്ത് asiaetnews.tvയോടു പറഞ്ഞു. തുടര്‍ന്ന് എംഎല്‍എയോടു തങ്ങള്‍ സാവകാശം ചോദിച്ചു. ഇതിനു പിന്നാലെയാണു തെരഞ്ഞെടുപ്പു ദിവസമായ ഇന്നലെ അര്‍ധരാത്രിയോടെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ജെസിബിയുമായെത്തി വിളക്കും കെട്ടിടവും തകര്‍ത്തത്.
പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കെടാവിളക്കു നശിപ്പിച്ചത് കലാഭവന്‍ മണിയോടുള്ള അനാദവരവാണെന്നു സമിതി ആരോപിച്ചു.
കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച കെടാവിളക്കും കെട്ടിടവും പൊലീസ് തല്ലിത്തകര്‍ത്ത നിലയില്‍





