എഡിജിപിയുടെ മകൾക്കെതിരായി നൽകിയ പരാതി പിൻവലിക്കാൻ ഉന്നതഉദ്യോഗസ്ഥർക്ക് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് ഗവാസ്കർ
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് ഡ്രൈവർ ഗവാസ്കർ. എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യലംഘനമാണെന്നും വളരെ മോശമായ രീതിയിലാണ് എഡിജിപി കീഴുദ്യോഗസ്ഥരോട് പെരുമാറിയിരുന്നതെന്നും ഗവാസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സുദേഷ് കുമാറിന്റെ മകൾ സ്നിഗ്ധ നടുറോഡിൽ വച്ചു മർദ്ദിച്ച ഗവാസ്കർ ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.
എഡിജിപിയുടെ മകൾക്കെതിരായി നൽകിയ പരാതി പിൻവലിക്കാൻ ഉന്നതഉദ്യോഗസ്ഥർക്ക് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് ഗവാസ്കർ പറയുന്നു. എഡിജിപിയുടെ മകളുടെ പരാതിയിൽ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും താൻ നിരപരാധിയായതിനാൽ കേസിനെ ഭയക്കുന്നില്ലെന്നും തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഡ്രൈവർ ഗവാസ്കർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഇത് ആറാം തവണയാണ് ഒരു ഐപിഎസ് ഓഫീസർക്കൊപ്പം താൻ ക്യാംപ് ഓഫീസറായി ജോലി ചെയ്യുന്നത്. ഇതിൽ രണ്ട് പേർ വനിതകളാണ് എന്നാൽ സുദേഷ് കുമാറിന്റെ വീട്ടിൽ നിന്നും ഉണ്ടായ പോലൊരു ദുരനുഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യലംഘനമാണ്. ഇപ്പോൾ തനിക്കെതിരെ കേസെടുത്തത് പോലെ മുൻപും എഡിജിപി പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പട്ടിയെ പരിശീലിപ്പിക്കാൻ വിമുഖത കാണിച്ച പൊലീസുകാരനെ കാസർഗോഡേക്ക് സ്ഥലം മാറ്റി. പട്ടി കടിച്ച കാര്യം ഡിജിപിക്കു പരാതി നൽകിയപ്പോഴായിരുന്നു നടപടി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ എഡിജിപി നല്ല നടപ്പ് പരിശീലനത്തിനയച്ചിരുന്നുവെന്നും ഗവാസ്കർ ആരോപിക്കുന്നു.
ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയായ സുദേഷ് കുമാറിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യേണ്ടി വരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പോലീസ് ഡോഗ് സ്ക്വാഡിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ എഡിജിപി തന്റെ വീട്ടിലേക്ക് കൊണ്ടു വരികയും സ്വന്തം പട്ടിയെ പരിശീലിപ്പിക്കാനും നിർബന്ധിച്ചു. പരിശീലനത്തിനിടെ എഡിജിപിയുടെ പട്ടി ഉദ്യോഗസ്ഥനെ കടിച്ചു. ഇതോടെ ഇയാൾ തന്നെ ക്രമവിരുദ്ധമായി ജോലിചെയ്യിപ്പിച്ച എഡിജിപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി. എന്നാൽ പരാതി കൊടുത്ത് അടുത്ത ദിവസം തന്നെ ഇയാളെ കാസർഗോഡേക്ക് സ്ഥലം മാറ്റി.
തന്റെ ഭാര്യയേയും മകളേയും കാണുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല എന്നാരോപിച്ച് ക്യംപ് ഫോളോവേഴ്സിനെ നല്ല നടപ്പിന് അയക്കുക തുടങ്ങി പല നടപടികളും എഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ തന്നെ പരാതിപ്പെടുന്നത്. തനിക്ക് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടാൻ വരെ എഡിജിപി ശ്രമിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. ഇതിനെതിരെ വളരെ കാലമായി പോലീസ് സേനയ്ക്കുള്ളിൽ നിലനിന്നിരുന്ന അമർഷമാണ് ഇപ്പോൾ ഗവാസ്കറിലൂടെ പുറത്തു വന്നിരിക്കുന്നത്. പോലീസ് സേനയ്ക്കുള്ളിൽ നിന്നു തന്നെ കിട്ടുന്ന ശക്തമായ പിന്തുണയുടെ ബലത്തിലാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ പോലീസ് ഡ്രൈവറായ ഗവാസ്കറിന് ധൈര്യം നൽകുന്നത്. വ
ഗവാസ്കറുടെ പരാതി ഒത്തുതീർപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും പ്രശ്നത്തിൽ ഇടപെട്ട പോലീസ് അസോസിയേഷൻ അതിന് തയ്യാറായില്ല. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാൻ അസോസിയേഷൻ നേതാക്കൾ തീരുമാനിച്ചതിന് പിന്നാലെയാണ് ഗവാസ്കറുടെ പരാതിയിൽ കേസെടുക്കാൻ തീരുമാനമായത്. കേരള പോലീസ് ആക്ട് പ്രകാരം കീഴുദ്യോഗസ്ഥരെ ദാസ്യപ്പണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ വരെ വകുപ്പുണ്ട് എന്നിരിക്കേ എഡിജിപി ദാസ്യപ്പണി ചെയ്യിക്കുന്നതിന് അവസാനം കാണണമെന്ന നിലപാടിലാണ് പോലീസ് അസോസിയേഷൻ.
