മുല്ലപ്പെരിയാർ അണക്കെട്ടിന് വിളളലുണ്ടെന്നും ഡാം പൊട്ടുമെന്നുമുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.
തിരുവനന്തപുരം: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആളുകളെ തെറ്റ് ധരിപ്പിക്കുകയും ഭീതിലാഴ്ത്തുകയും ചെയ്യുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച നാല് പേർക്കെതിരേയാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബർ ഡോം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐ.ജി മനോജ് എബ്രഹാമിന്‍റെ നിർദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലപ്പെരിയാർ അണക്കെട്ടിന് വിളളലുണ്ടെന്നും ഡാം പൊട്ടുമെന്നുമുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു. ഭീതി ജനിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.
