കൊച്ചി മുനമ്പം വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. യാത്രാരേഖകളുൾപ്പടെ പൊലീസ് കണ്ടെടുത്തു.

കൊച്ചി: എറണാകുളം മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ദില്ലിയിൽ നിന്ന് സംഘത്തിലെത്തിയവർ ഉൾപ്പടെ നാല്‍പ്പത്തില്‍ അധികം പേർ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചിൽ ആറ് ദിവസം തങ്ങിയെന്നാണ് വിവരം.മരുന്നും,ശീതളപാനീയങ്ങളും ശേഖരിച്ച് മുനമ്പത്ത് നിന്ന് ബോട്ട് മാർഗം കടന്നവരിൽ സ്ത്രീകളും,കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് സൂചന.

 27 ദിവസത്തെ യാത്രയിലൂടെ ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമമാണ് സംഘം നടത്തിയതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ദില്ലിയിൽ നിന്ന് ഈ സംഘത്തിലെത്തിയ അഞ്ച് പേരുടെ രേഖകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ദില്ലി സ്വദേശികളായവർ കഴിഞ്ഞ 22 തിയതിയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയിൽ നിന്ന് സംഘം വിപുലപ്പെടുത്തി കഴിഞ്ഞ അഞ്ചാം തിയതി ഇവർ ചെറായി ബീച്ചിലെത്തി. 

അന്ന് മുതൽ പതിനൊന്നാം തിയതി വരെ ഇവർ ബിച്ചിനടുത്ത ആറ് ഹോട്ടലുകളിലായി താമസിച്ചു.12-ാം തിയതി പുലർച്ചെയാണ് ഇവർ ഹോട്ടൽ മുറി വിട്ടത്. ചെറായി ബീച്ചിൽ നിന്ന് കണ്ടെടുത്ത ആറ് ബാഗുകളും, വടക്കേക്കര മാല്യങ്കരയിലുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത 13 ബാഗുകളിൽ നിന്നുമാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സ്ത്രീകളും കുട്ടികളുടേതും ഉൾപ്പടെ വസ്ത്രങ്ങളും,ചെരുപ്പുകളും, ദീർഘ ദൂര യാത്രക്ക് വേണ്ട പാക്കറ്റ് ശീതളപാനീയങ്ങളും,വെള്ളവും,ഉണങ്ങിയ പഴങ്ങളും പൊലീസ് ബാഗുകളിൽ നിന്ന് കണ്ടെത്തി. 

ബോട്ട് വിൽപ്പന നടത്തുന്ന ബ്രോക്കർമാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോസ്റ്റ് ഗാർഡും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2015-ല്‍ സമാനമായ സാഹചര്യത്തിൽ 14 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഇവരുടെ നീക്കം നേരത്തെ കണ്ടെത്തിയ പൊലീസ് 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു.