കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇയാള്‍ക്ക് അറിയാമായിരുന്നെന്നാണ് കണ്ടെത്തല്‍. ഇതിനിടെ സുനില്‍കുമാറിന് ദീലീപ് ക്വട്ടേഷന്‍ നല്‍കിയതിന്റെ കൂടുതല്‍ വിവിരങ്ങളും പുറത്തുവന്നു.

ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാനായില്ല. ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. നടിയെ ആക്രമിച്ച സംഭവത്തിലെ പല കാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമായിരുന്നെന്നാണ് തെളിയുന്നത്. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ അപ്പുണ്ണിയെ മുന്നില്‍ നിര്‍‍ത്തി കേസ് ഒതുക്കാന്‍ ദീലീപ് ശ്രമിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന സുനില്‍കുമാറിന് ഇടനിലക്കാര്‍ മുഖേന പണം കൈമാറാനും ദിലീപ് നീക്കം നടത്തിയിരുന്നു. ഇതിനെല്ലാം മുന്നില്‍ നിന്നത് അപ്പുണ്ണിയാണെന്നാണ് കണ്ടെത്തല്‍. 
അപ്പുണ്ണിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 2012 ല്‍ മറ്റൊരു നടിയെ കെണിയില്‍ പെടുത്താന്‍ സുനില്‍കുമാര്‍ ശ്രമിച്ചിരുന്നെന്ന അറിവിലാണ് ദിലീപ് ക്വട്ടേഷന്‍ ഇയാള്‍ക്ക് തന്നെ നല്‍കിയതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് കൂടുതല്‍ ആളുകളെ തെരഞ്ഞെടുക്കാനും സുനില്‍കുമാറിനെ ചുമതലപ്പെടുത്തി. എന്നാല്‍ ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് ഒരിക്കലും പുറത്തറിയരുതെന്ന് ദിലീപ് നി‍ര്‍ദേശിച്ചിരുന്നു. ഇതിനിടെ ചില അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന.