കൊല്ലം: വൃദ്ധര്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത ശേഷം പണവും സ്വര്‍ണവും കവരുന്ന യുവാവ് അറസ്റ്റില്‍. കുണ്ടറ സ്വദേശി രാജീവിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ ചുറ്റിക്കറങ്ങിയ ശേഷം വൃദ്ധര്‍ക്ക് സഹായ വാഗ്ദാനം ചെയ്ത് അവരില്‍ നിന്ന് പണം കവരുകയായിരുന്നു രാജീവിന്റെ രീതി.

പെന്‍ഷന്‍ വാങ്ങാനായി എത്തുന്നവരെയാണ് ഇയാള്‍ കൂടുതലും തട്ടിപ്പിന് ഇരയാക്കിയിട്ടുള്‌ലത്. ട്രഷറികള്‍ക്ക് മുന്നിലും മറ്റും ചുറ്റിക്കറങ്ങിയ ശേഷം പെന്‍ഷന്‍ വാങ്ങി മടങ്ങുന്നവരെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്ക് നിര്‍ത്തി പണം കവരുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

കൊട്ടാരക്കര വാളകത്ത് റോഡരികില്‍ ഫോണ്‍ ചെയ്യുകയായിരുന്ന വൃദ്ധന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിരവധി മോഷണങ്ങളും പിടിച്ചുപറിയും നടത്തിയതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.

കുണ്ടറയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃദ്ധയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പൂര്‍ണമമായി എയര്‍ കണ്ടിഷന്‍ ചെയ്ത വീട്ടിലായിരുന്നു താമസം. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു