കത്വ സംഭവത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്തി പോലീസ്
കൊച്ചി : കത്വ സംഭവത്തിന്റെ പേരില് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്ത്താലിനു പിന്നില് പ്രവര്ത്തിച്ചയാളെ കണ്ടെത്തി പോലീസ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘമാണ് കൊച്ചി സ്വദേശിയെ തിരിച്ചറിഞ്ഞത്. സോഷ്യല് മീഡിയയിലൂടെ ഹര്ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആദ്യം ഇട്ടത് ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ഇത് വ്യാപകമായി ഷെയര് ചെയ്യപ്പെടുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടന് അറസ്റ്റു ചെയ്യും.
ഇയാളെ കൂടാതെ ഹര്ത്താല് ആഹ്വാനം പ്രചരിപ്പിച്ച മറ്റ് 20 പേര് കൂടി നിരീക്ഷണത്തിലാണ്. അറസ്റ്റ് ചെയ്യപ്പെടാനിരിക്കുന്ന കൊച്ചി സ്വദേശിയുടെ പക്കല് നിന്ന് വര്ഗ്ഗീയ ചേരിതിരിവിന് കാരണമാകുന്ന തരത്തിലുള്ള ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. സോഷ്യല് മീഡിയയിലൂടെ നടന്ന ഹര്ത്താലില് മലബാര് മേഖലയില് വ്യാപക അക്രമമുണ്ടായിരുന്നു. രണ്ടായിരത്തോളം പേര്ക്കെതിരേ പോലീസ് കേസ് രജിസ്റ്റര് ചെയ്തിരുന്നു.
അതേ സമയം തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന വ്യാജ ഹര്ത്താലിനിടെ വടക്കന് ജില്ലകളില് വര്ഗ്ഗീയ വികാരം അഴിച്ചുവിടാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അക്രമസംഭവങ്ങളില് അറസ്റ്റിലായവരുടെ പശ്ചാത്തലം എന്താണെന്ന് പോലീസ് പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു. മുന്കരുതലെന്ന നിലയില് സംഘര്ഷസാധ്യതയുള്ള പ്രദേശങ്ങളില് കൂടുതല് പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
