ദില്ലി: രാജ്യത്തെ ഏക ഹാപ്പിനസ് വകുപ്പ് മന്ത്രിയെ കൊലപാതകക്കേസില്‍ പൊലീസ് തിരയുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ലാല്‍ സിങ് ആര്യയെയാണ് പൊലീസ് തിരയുന്നത്. ഹാപ്പിനെസ് വകുപ്പ് രൂപപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ വകുപ്പ് മന്ത്രിയെ പൊലീസ് തിരയുന്നത് അത്ര സന്തോഷമുള്ള സംഭവത്തെ തുടര്‍ന്നല്ല.
രാഷ്ട്രീയ എതിരാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 53 കാരനായ ലാല്‍ സിങ് ആര്യയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. 2009 ലാണ് ലാല്‍ സിങ് ആര്യ ഉള്‍പ്പെട്ടിട്ടുള്ള കൊലപാതകം നടക്കുന്നത്. ഡിസംബര്‍ 19 നാണ് ആര്യ സിങിനെ കോടതിയില്‍ ഹാജരാക്കേണ്ടത്. ഇതിന് മുമ്പ് ആര്യ സിങിനെ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
ആര്യ സിങിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച മുതലാണ് ആര്യ സിങിനെ സ്വവസതിയില്‍ നിന്ന് കാണാതായത്. സംസ്ഥാനത്തെ ആളുകളുടെ സന്തോഷസൂചികയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിനായി യോഗയും മുതിര്‍ന്ന ആളുകള്‍ക്ക് തീര്‍ത്ഥാടന പദ്ധതിയെല്ലാം ആവിഷ്കരിച്ച മന്ത്രിയെയാണ് കൊലപാതക കേസില്‍ പൊലീസ് തിരയുന്നത്.
