ബംഗലൂരു: കര്‍ണാടകത്തില്‍ പൊലീസ് ഓഫീസറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ മുന്‍ ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജ്ജിന്റെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു.ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജോര്‍ജ്ജ് രാജിവെച്ച് കേസ് സിബിഐക്ക് വിടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബിജെപി. ഇന്നലെ രാത്രി തുടങ്ങിയ പ്രതിപക്ഷത്തിന്റെ സഭയ്‌ക്കകത്തെ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്.
മുന്‍ ആഭ്യന്തരമന്ത്രി കെ. ജെ.ജോര്‍ജ്ജും മുതിര്‍ന്ന ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നവെന്ന് ആരോപിച്ച് മംഗളുരു ഡിവൈഎസ്‌പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ സഭക്കകത്ത് തുടങ്ങിയ രാപ്പകല്‍ സമരം ജോര്‍ജ്ജ് രാജിവെക്കാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബിജെപി.
പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ രാത്രി വിധാന്‍സഭയ്‌ക്കുള്ളില്‍ ഉറങ്ങി.രാത്രി ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ ചര്‍ച്ചക്കായി സഭയിലെത്തിയെങ്കിലും എത്തിയെങ്കിലും ബിജെപി എംഎല്‍എമാര്‍ വഴങ്ങിയില്ല.അതേ സമയം അടിസ്ഥാനരഹിതമായ ആരോപണമാണ് ബിജെപിയുടേതെന്ന് കെ.ജെ ജോര്‍ജ്ജ് പ്രതികരിച്ചു. ഗണപതിയുടെ മരണത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുവെന്ന് ആരോപിച്ച് ബിജെപി മടിക്കേരിയില്‍ ബന്ദ് നടത്തി.
