സംഭവം ആദ്യം മൂടിവെയ്‌ക്കാനാണ് പോലീസ് ശ്രമിച്ചതെങ്കിലും വിവരം പുറത്തറിഞ്ഞതോടെ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയായിരുന്നു.

കോഴിക്കോട്: അറസ്റ്റ് ചെയ്ത പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ അവകാശവാദം. പേരാമ്പ്രയില്‍ ഇന്നലെ വൈകുന്നേരമാണ് ബോംബേറ് കേസിലെ പ്രതിയായ സുധാകരന്‍ എന്നയാളെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചത്. 

ഒരു എ.എസ്.ഐയും ഏതാനും പോലീസുകാരും ചേര്‍ന്നാണ് സുധാകരനെ പിടികൂടിയത്. പിന്നാലെ ഇവിടേക്ക് പാഞ്ഞെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സുധാകരനെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവം ആദ്യം മൂടിവെയ്‌ക്കാനാണ് പോലീസ് ശ്രമിച്ചതെങ്കിലും വിവരം പുറത്തറിഞ്ഞതോടെ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. രക്ഷപ്പെട്ട സുധാകരനെ കണ്ടെത്താനും പോലീസ് അന്വേഷണം തുടരുകയാണ്. 

ശിവജിസേന എന്ന സംഘടനാ പ്രവര്‍ത്തകരും സി.പി.എമ്മുകാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കുറച്ചു കാലം മുന്‍പ് പ്രദേശത്തെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തിലാണ് സുധാകരനെതിരെ പോലീസ് കേസെടുത്തത്.