കണ്ണൂര്‍: വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. സാമൂഹ്യ സ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സി പി എം പ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പയ്യന്നൂര്‍ രാമന്തളി ബിജു വധത്തിന് പിന്നാലെ കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്‌ത വീഡിയോയാണ് പരാതിക്ക് ആസ്‌പദം. ബിജു വധത്തില്‍ സി പി എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നുവെന്ന് പറഞ്ഞാണ് കുമ്മനം വീഡിയോ ഷെയര്‍ ചെയ്‌ത്. ഈ വിഷയം പരിശോധിച്ച് വീഡിയോ വ്യാജമാണെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.