കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെയ്ത്ത് സ്കോട്ടെന്ന കറുത്ത വര്‍ഗ്ഗക്കാരനെ തോക്ക് കൈവശം വച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഷാര്‍ലെറ്റ് പൊലീസ് പൊതുനിരത്തില്‍ വെച്ച് വെടിവെച്ച് കൊന്നത്. എന്നാല്‍ കെയ്ത്തിന്റെ കയ്യില്‍ തോക്കല്ലായിരുന്നുവെന്നും അത് പുസ്തകമായിരുന്നുവെന്നാണ് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കെയ്ത്തിന്‍റെ ഭാര്യ പറഞ്ഞ്. ഇവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം കെയ്ത്തിന്റെ കുടുംബം പുറത്ത് വിടുകയും ചെയ്തിരുന്നു. കറുത്ത വര്‍ഗ്ഗക്കാരനെ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ശേഷമുണ്ടായത്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ തെരുവിലിറങ്ങുകയും ചിലയിടങ്ങളില്‍ ഇത് അക്രമാസക്തമാവുകയും ചെയ്തു. പൊലീസിനെ വിമര്‍ശിച്ച് ഐക്യരാഷ്‌ട്രസഭയുടെ കര്‍മ്മസമിതിയും രംഗത്ത് വന്നു.

ഈ സാഹചര്യത്തിലാണ് സംഭവത്തിന്‍റെ ഔദ്യോഗിക ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന ഷാര്‍ലെറ്റ് പൊലീസിന്റെ പ്രഖ്യാപനം വന്നത്. പൊലീസ് സേനാംഗങ്ങളുടെ ശരീരത്ത് ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങള്‍ വെടിവയ്പ്പ് സാധൂകരിക്കുന്നുണ്ടെന്നാണ് പൊലീസ് ചീഫ് കെര്‍ പുറ്റ്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.അതിനിടെ, കെയ്ത്തിന്‍റെ കൊലയില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെന്ന് കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.