കൊച്ചി: അഭിമന്യു വധത്തില്‍ പദ്ധതി ആസൂത്രണം ചെയ്തതിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയ്ക്ക് പങ്കെന്ന് പൊലീസ് റിപ്പോർട്ട്. റിഫ ഗൂഡാലോചനയിൽ പങ്കെടുത്തു. എന്നാൽ അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന്  പോലീസ് വ്യക്തമാക്കിയില്ല.   

അഭിമന്യു വധക്കേസിൽ മുഖ്യ പ്രതിയെന്ന് പൊലീസ് പറഞ്ഞിരുന്ന കാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കുണ്ടെന്നാണ് പോലിസ് സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. ഗൂഡാലോചനയിൽ പങ്കെടുത്ത പ്രതി കൃത്യം നിർവഹിച്ച മറ്റ് പ്രതികളെ രക്ഷപെടാൻ സഹായിച്ചു.  

മുഹമ്മദ് റിഫയെ കേസിൽ 26 --ാം പ്രതിയാക്കിയാണ് ചേർത്തിട്ടുള്ളത്. നിലവിൽ 26 പേരെയാണ് പ്രതി പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇതിൽ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേർ സംഭവത്തിൽ  നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തിൽ പങ്കെടുത്ത 9 പ്രതികളെയാണ്  ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവർ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരുമാണ്. 

6-ാം പ്രതി സനീഷാണ് കത്തിയുമായി  എത്തിയതെങ്കിലും അഭിമന്യുവിനെയും അർജ്ജുനനെയും  കുത്തിയതാരെണന്ന് പോലിസ് വ്യക്തതമാക്കുന്നില്ല. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുണ്ടന്നും മുഹമ്മദ് റിഫയുടെ റിമാൻറ് റിപ്പോർട്ടില്‍ വിശദമാക്കുന്നത്.