കണ്ണൂര്‍: ശുചിമുറി സേവനം കൊടുക്കാത്തതിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ മകൻ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരോട് മോശമായി പെരുമാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരിട്ടി ഡി.വൈ.എസ്.പിക്ക് മട്ടന്നൂര്‍ എ.എസ്.ഐയുടെ റിപ്പോര്‍ട്ട്. അതേ സമയം എ.എസ്.ഐയക്കും പൊലീസുകാര്‍ക്കുമെതിരെ ആശിഷ് രാജ് മട്ടന്നൂര്‍ എസ്.ഐയ്ക്ക് പരാതി നല്‍കി.
ബുധനാഴ്ച രാവിലെ എട്ടരയ്ക്കാണ് പരാതിയ്ക്ക് ആധാരമായ സംഭവം. ടൂറിസ്റ്റ് ബസിലെത്തിയ സ്ത്രീകളടങ്ങുന്ന സംഘത്തിന് ശുചി മുറിയിൽ പോകാൻ സൗകര്യം നല്‍കണമെന്ന ആവശ്യവുമായാണ് ആശിഷ് രാജ് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിയത്. എന്നാൽ ലോക്കൽ പ്രതികള്‍ ഉള്ളതിനാൽ ശുചി മുറി സേവനം അനുവദിക്കാനാകില്ലെന്ന് ജി.ഡി ഇന്‍ചാര്‍ജുള്ള എ.എസ്.ഐ മനോജ് അറിയിച്ചു . സമീപത്തുള്ള നഗരസഭയുടെ ശുചിമുറി ഉപയോഗിക്കാമെന്നും അറിയിച്ചു.
ഇതോടെ ആശിഷ് രാജ് ബഹളം വച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് എ.എസ്.എയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കിട്ടിയ കാര്യം ഇരിട്ടി ഡി.വൈ.എസ്.പി സ്ഥിരികരിച്ചു. അതേ സമയം എ.എസ്.ഐയും പൊലീസുകാരാണ് തന്നോട് മോശമായി പെരുമാറിയെതെന്നാണ് ആശിഷ് രാജിന്‍റെ പരാതി. എ.എസ്.ഐ ഡി.വൈ.എസ.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിൻമേൽ മട്ടന്നൂര്‍ സി.ഐ സംഭവം അന്വേഷിക്കും.
